Home About ParishParish History
കാലത്തിൻറെ ദൃഷ്ടിയിൽ 'പാരമ്പര്യം' എന്നത് പഴമയെങ്കിൽ സമയ വീഥിയിൽ അത് പഴഞ്ചൻ എന്ന് അനുമാനിക്കപ്പെടുന്നു! എന്നാൽ പാരമ്പര്യം ഉൽഭവത്തെ കുറിക്കുന്നു. വളർച്ചയെ വിളിച്ചറിയിക്കുന്നു. തകർച്ചയെ അയവിറക്കുന്നു. തളർച്ചയെ സഹിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ ക്രിസ്തുരാജ ദേവാലയത്തിൻറെ പാരമ്പര്യത്തിൻറെ സംക്ഷിപ്ത രൂപരേഖ യുവതലമുറയുടെ അറിവിലേക്കായി സമർപ്പിക്കുവാൻ അതിയായ സന്തോഷമുണ്ട്.
കോഴിക്കോട് രൂപതയിൽപ്പെട്ട ഈശോസഭ വൈദികരുടെ അജപാലന ദൗത്യത്തിന്റെ തിലകച്ചാർത്തായി നിലകൊള്ളുന്നതും ക്രൈസ്തവ ഭക്തജനങ്ങൾ, അശരണർ, ആലംബഹീനർ, ആതുരർ എന്നിവരുടെ കയ്യെത്താവുന്ന അഭയ കേന്ദ്രം എന്നോ 'ദേവകുടീരം' എന്നോ വിശേഷിപ്പിക്കാവുന്ന ആസ്ഥാനം അത്രേ മലാപ്പറമ്പിൽ നിലകൊള്ളുന്ന ക്രിസ്തുരാജ ദേവാലയം.
1933 മെയ് മാസത്തിലാണ് ഈശോസഭയുടെ പ്രവർത്തനമണ്ഡലം ആയി അന്നത്തെ സുപ്പീരിയർ ജനറൽ ഫാദർ വ്ലാഡിമിർ ലെഡക്കൊസ്‌കി യുടെ നിർദ്ദേശമനുസരിച്ച് കോഴിക്കോട്, ക്രൈസ്റ്റ് ഹാൾ ആരംഭിച്ചത്. ഈശോസഭയുടെ കോഴിക്കോട് മംഗലാപുരം റീജനു വേണ്ടി ഒരു നൊവിഷ്യേറ്റ് തുടങ്ങാനായി ക്രൈസ്റ്റ് ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഹാരിസൺ ആൻഡ് ക്രോസ് ഫീൽഡിൽ നിന്ന് വിലയ്ക്കുവാങ്ങി. ആഗോള സഭയിൽ പുതു സംരംഭകർക്ക് തുടക്കം കുറിച് സഭയിലെ മുന്നണി പോരാളികളായ ഈശോ സഭാംഗങ്ങൾ ഇവിടെ പ്രവർത്തനം ആരംഭിച്ചപ്പോൾ, ഈ നാടിനു വേണ്ടി ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി, ക്രിയാത്മകമായി എന്തു ചെയ്യണമെന്ന് പ്രാർത്ഥനാപൂർവ്വം പരിചിന്തനം ചെയ്തു. അതിൻറെ ഫലമായി ഇറ്റലിക്കാരായ ഫാ. ഡി. ഫെരോളിയും, ഫാ. ഹ്യൂഗോ മോടാറ്റിയും, ബ്രദർ നലദോയും കൂടി ഇവിടെ ഒരു ബലിവേദി ഒരുക്കുകയും മൂന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിയായി തീർന്ന വിശുദ്ധ ജസ്റ്റിന് സമർപ്പിക്കുകയും ചെയ്തു.
ഈ ബലിവേദി താമസിക്കാതെ ഒരു കൊച്ചു പള്ളി ആയിത്തീർന്നു. മലാപ്പറമ്പിലും ചുറ്റുപാടുമുള്ള വർക്കും, വെസ്റ്റ്ഹിൽ ഇടവകയ്ക്ക് മുഴുവനായും ആത്മീയ സേവനമനുഷ്ഠിച്ചിരുന്നു.
ഈ കൊച്ചു പള്ളിയുടെ സവിശേഷത പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അൾത്താര അഥവാ ബലിപീഠത്തിനും താഴെ വിശുദ്ധ ജസ്റ്റിന്റെ തിരുസ്വരൂപം, തിരുശേഷിപ്പോടൊപ്പം ശയന സ്ഥിതിയിൽ പ്രതിഷ്ഠിച്ചിരുന്നു എന്നതാണ് സവിശേഷത. വർഷാവർഷം ഈ വിശുദ്ധ നാമത്തിൽ തിരുനാൾ ആഘോഷിക്കുക പതിവായി തീർന്നു. ഇത് ഏതാണ്ട് മംഗലാപുരത്തെ സെൻറ് ജോസഫ് സെമിനാരിയിലെ വിശുദ്ധ ഗ്രേഷ്യറെ തിരുനാൾ ആഘോഷത്തിന് സമാനമായിരുന്നു.
ഇങ്ങനെയിരിക്കെ ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷവും അനിവാര്യമായിത്തീർന്നു. ഈ സാഹചര്യത്തിലാണ് ഫാദർ. ജെ. എം. സംബോൺ തങ്ങളുടെ മേലധികാരിയും കോഴിക്കോട് രൂപത ഭരണാധികാരിയുമായ ബഹു. മോൺ. സാനോളിനോട് ഈ സ്ഥാപനത്തെ സ്വതന്ത്രമായ ഒന്നായി ഉയർത്തണമെന്നും ആയതിന് 'Christ the King Church' എന്ന് നാമകരണം ചെയ്യാമെന്നും, അതനുസരിച്ച് ക്രിസ്തുരാജാ തിരുനാളിന് ഊന്നൽ കൊടുക്കണം എന്നും അപേക്ഷിച്ചത്.
അപേക്ഷ പാടെ 1948 ജൂൺ പതിനാറാം തീയതി അധികമായി അഭിവന്ദ്യ അംഗീകരിച്ച അനുവദിച്ചുകൊടുക്കുക ഉണ്ടായി അതിനുശേഷം ഭക്ത ജന സാന്ദ്രത മേൽക്കുമേൽ വർദ്ധിക്കുകയും നിലവിലിരുന്ന ദേവാലയം മതിയാകാതെ അനുഭവപ്പെടുകയും ചെയ്തു. അതേതുടർന്ന് 1936-ൽ പണിത പഴയ പള്ളിയുടെ സ്ഥാനത്ത് പുതിയ പള്ളി ഉടലെടുക്കുകയും അതിൻറെ ഉദ്ഘാടനം 1962-ൽ നടത്തപ്പെട്ട ക്രിസ്തുരാജ ദേവാലയം എന്ന് തുടർന്ന് നാമകരണം ചെയ്യപ്പെട്ടു.
കാലത്തിൻറെ പോക്കിൽ ഇന്നും മതിയാകാതെ വന്നു. അങ്ങനെയാണ് ഇപ്പോൾ കിഴക്കുഭാഗത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന എക്സ്റ്റൻഷൻ രൂപം കൊണ്ടത്. ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിച്ചിരുന്നവരെ കൂടി നാം അറിയേണ്ടതുണ്ട്. ബഹുമാന്യരായ ഫാദർ സക്കറിയസ് ചാണ്ടി, ബ്രദർ മൈലാടൂർ ചാണ്ടി, ഫാദർ കണ്ണമ്പുഴ, ഫാദർ ജോസഫ് ചിറ്റ്പറമ്പിൽ, മി. എം. സി. പോൾ എന്നിവരായിരുന്നു ഇതിൻറെ അണിയറശില്പികൾ. എക്സ്റ്റൻഷൻ ഭാഗം പൂർത്തീകരിക്കപ്പെട്ട 1991ൽ ബഹുമാനപ്പെട്ട ഫാദർ ചിറ്റ്പറമ്പിലിന്റെ കാലത്തായിരുന്നു.
1938-ൽ ഇവിടുത്തെ ആശ്രിതരുടെ കുഞ്ഞുങ്ങൾക്കായി ഒരു പ്രാഥമിക സ്കൂൾ ആരംഭിച്ചു. 1940-ൽ ഈ സ്കൂൾ 20 വിദ്യാർഥികളും ഒരു ടീച്ചറും ആണ് ഉണ്ടായിരുന്നത്. ഇന്ന് ക്രിസ്തുരാജ എൽ പി സ്കൂളിൽ 308 വിദ്യാർഥികളും 8 അധ്യാപകരും ജോലി ചെയ്യുന്നു. മലയാളം ഇംഗ്ലീഷ് മിഡിയങ്ങളും പ്രവർത്തിക്കുന്നു. സേവാസംഘം സ്പോൺസർ ചെയ്യുന്ന ഒരു കമ്പ്യൂട്ടർ സെൻററും സ്കൂളിൻറെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. ഫാദർ പയസ് വാച്ചാപറമ്പിൽ മാനേജരും ശ്രീമതി ഫിലോമിന പി. വി. പ്രധാന അധ്യാപികയും ആണ്.
ഈ ഇടവകയിൽ മുൻ വികാരിമാരായ ഫാദർ ലൂയിസ് പികാർഡോ, ഫാദർ അലോഷ്യസ് ഡൽസ്റ്റോ, ഫാദർ പോൾ ലന്തപറമ്പിൽ, ഫാദർ സക്കറിയസ് ചാണ്ടി, ഫാദർ ജോസഫ് അരീക്കാട്, ഫാദർ ജോസഫ് പൊടിമറ്റം, ഫാദർ സെബാസ്റ്റ്യൻ ഇഞ്ചോടി തുടങ്ങിയവർ പ്രവർത്തിച്ചിരുന്നു. ഈ അടുത്ത കാലത്തായി ഇവിടെ പ്രവർത്തിച്ചിരുന്ന ഫാദർ ജോസഫ് ചീറ്റുപറമ്പിൽ, ഫാദർ ജോർജ് കണ്ടത്തിൽ, ഫാദർ റാഫേൽ തോട്ടാൻ, ഫാ. ജോസ് തച്ചിൽ, ഫാ. തോമസ് കപ്യാരുമലയിൽ, ഫാദർ അബ്രഹാം പള്ളിവാതുക്കൽ, ഫാദർ തോമസ് കരിമുണ്ടകൽ, ഫാ. റജി കുന്നതേത്തു്, ഫാദർ ജോസ് കാടൻകാവിൽ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. ഫാദർ ജോസ് കാടൻകാവിലിന്റെ നേതൃത്വത്തിൽ സർവ്വശ്രീ ജോസ് പ്രകാശ്, എൻ. ജെ. ആൻറണി, സോളമൻ ജോസഫ് എന്നിവരടങ്ങുന്ന കൺസ്ട്രക്ഷൻ കമ്മിറ്റി പള്ളിയുടെ കിഴക്കുഭാഗത്ത് മുകളിൽ സ്ഥിതി ചെയ്തിരുന്ന ഹാൾ പാരിഷ് കൗൺസിൽ ഫണ്ട് ഉപയോഗിച്ചു മനോഹരമായ ഒരു പാരിഷ് ഹാൾ ആയി പണികഴിപ്പിക്കുകയും ക്രിസ്തുരാജ് പാരിഷ് ഹാൾ എന്ന് നാമകരണം ചെയ്യുകയും 2009 ലെ ക്രിസ്തുരാജ തിരുനാൾ ദിനത്തിൽ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിനാൽ ആശീർവദിക്കുകയും ചെയ്തു.
കഴിഞ്ഞ 70 വർഷങ്ങളായി ഇടവകയ്ക്കും നാടിനു വേണ്ടി ധാരാളം നിർമ്മാണ പ്രവർത്തനങ്ങളിലൂടെ പ്രവർത്തിച്ച ഈശോ സഭയെയും, സഭാ അംഗങ്ങളെയും നന്ദിയോടെ അനുസ്മരിക്കുകയും ഇതിനെല്ലാം വേദിയൊരുക്കിയ സർവ്വശക്തനായ ദൈവത്തിന് സ്തുതി സ്തോത്രങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. മുന്നോട്ടുള്ള കാൽവെപ്പുകൾ ദൈവകൃപയിൽ ആശ്രയിച്ച് നിർഭയമായി നടത്തുവാൻ സർവ്വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.